തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് അഡ്വ. എം രാജഗോപാലന്‍ നായരെ നിയമിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം തീരുമാനമെടുത്തു. മുന്‍ എംപി സുരേഷ്‌കുറുപ്പ്, മുന്‍ കോന്നി എംഎല്‍എ എ പത്മകുമാര്‍, അഡ്വ. ചെറുന്നിയൂര്‍ ശശിധരന്‍ നായര്‍ എന്നിവരെ പരിഗണിച്ചുതള്ളി. എന്നാല്‍ ഇക്കാര്യം സിപിഎം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും കേരളാ യൂണിവേഴ്‌സിറ്റി സ്റ്റാന്റിംഗ് കൗണ്‍സിലറുമാണ് രാജഗോപാലന്‍ നായര്‍. തിരുവനന്തപുരത്ത് പബ്ലിക് പ്രോസിക്യൂട്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
കൊച്ചി ദേവസ്വം ബോര്‍ഡിലെ പ്രാതിനിധ്യത്തെക്കുറിച്ച് ഇന്നലെ ചേര്‍ന്ന സിപിഎം സെക്രട്ടറിയേറ്റില്‍ തീരുമാനമെടുത്തില്ല. പഴയ രീതിയില്‍ മൂന്നംഗങ്ങളെ വെച്ച് തിരുവിതാംകൂര്‍-കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ പുനസംഘടിപ്പിക്കണമെന്ന ഇടതുമുന്നണി യോഗത്തിന്റെ തീരുമാന പ്രകാരമാണ് സിപിഎം രാജഗോപാലന്‍ നായരെ തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് സ്ഥാനത്തേക്ക് തീരുമാനിച്ചത്. കൊച്ചി ദേവസ്വം ബോര്‍ഡിലും പ്രസിഡന്റ് സ്ഥാനം സിപിഎം തന്നെ ഏറ്റെടുക്കും. ആര്‍എസ്പി, സിപിഐ കക്ഷികള്‍ക്ക് ഓരോ അംഗങ്ങളെ നല്‍കാനാണ് ധാരണ. അതേസമയം ദേവസ്വം മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്റെ പാര്‍ട്ടിയുടെ പ്രതിനിധിക്ക് ദേവസ്വം ബോര്‍ഡില്‍ പ്രാതിനിധ്യം നല്‍കാത്തതില്‍ കോണ്‍ഗ്രസ് എസില്‍ പ്രതിഷേധം രൂക്ഷമായിട്ടുണ്ട്.
പാര്‍ട്ടിക്കുള്ളില്‍ രൂക്ഷമായ തര്‍ക്കങ്ങള്‍ക്കൊടുവിലാണ് രാജഗോപാലന്‍ നായര്‍ക്ക് നറുക്കുവീണത്. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് സിപിഎം ആദ്യം പരിഗണിച്ചത് മുന്‍ എംപി കെ സുരേഷ്‌കുറുപ്പിനെയായിരുന്നു. എന്നാല്‍ സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി അദ്ദേഹത്തെ പിന്തുണച്ചില്ല. പകരം തലസ്ഥാനത്തെ പ്രമുഖ അഭിഭാഷകന്‍ ചെറുന്നിയൂര്‍ ശശിധരന്‍ നായരെ നിയമിക്കണമെന്ന അഭിപ്രായമുയര്‍ന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഈ ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നു. എന്നാല്‍ എന്‍എസ്എസിന്റെ താല്‍പ്പര്യം കൂടി പരിഗണിച്ചാണ് രാജഗോപാലന്‍ നായരെ തെരഞ്ഞെടുത്തതെന്നാണ് പറയപ്പെടുന്നത്. സുരേഷ്‌കുറുപ്പിനെ പ്രസിഡന്റാക്കുന്നതിനോട് എല്‍ഡിഎഫ് കണ്‍വീനറും സിപിഎം മുന്‍ കോട്ടയം ജില്ലാ സെക്രട്ടറിയുമായ വൈക്കം വിശ്വനും കോട്ടയം എംഎല്‍എ വിഎന്‍ വാസവനും താല്‍പര്യം കാട്ടിയില്ല. ഇവരുടെ താല്‍പര്യക്കുറവ് അറിയുന്നതിനാല്‍ ജില്ലയില്‍ നിന്ന് മറ്റു ശ്രമങ്ങള്‍ കുറുപ്പിനുവേണ്ടി ഉണ്ടായതുമില്ല. ജില്ലാ സെക്രട്ടറി കെജെ തോമസ് ക്രിസ്ത്യാനിയായതിനാല്‍ ഇക്കാര്യത്തില്‍ കാര്യമായ റോള്‍ ഉണ്ടായതുമില്ല. എന്നാല്‍ വിശ്വനും വാസവനും എതിര്‍ത്തതോടെ എന്‍എസ്എസിനു താല്‍പര്യമുള്ള മറ്റൊരാളെ കണ്ടെത്താനായി ശ്രമം. തുടര്‍ന്നാണ് ചെറുന്നിയൂരിന്റെ പേരുവന്നത്. നിയമ മന്ത്രിയും മുന്‍ തിരുവനന്തപുരം ജില്ലാ സെക്രട്ടറിയുമായ എം വിജയകുമാറാണ് അദ്ദേഹത്തിന്റെ പേര് ആദ്യം നിര്‍ദേശിച്ചത്. ഇപ്പോഴത്തെ ജില്ലാ സെക്രട്ടറി കടകംപള്ളി സുരേന്ദ്രനും ഇത് അംഗീകരിച്ചു.
ഇടക്കാലത്ത് വിഎസ് പക്ഷത്തോടു പ്രകടിപ്പിച്ച ചായ്‌വും കോട്ടയത്തു നിന്നുള്ള പ്രമുഖ നേതാക്കളുമായി അകലം വര്‍ധിച്ചതുമാണ് സുരേഷ്‌കുറുപ്പിനു വിനയായത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെ ഇതേ നേതാക്കള്‍ എതിര്‍ത്തിരുന്നു. എന്നാല്‍ ജോസ് കെ മാണി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുകയും കോട്ടയം മണ്ഡലം സിപിഎമ്മിന്റെ അഭിമാന പ്രശ്‌നമാവുകയും ചെയ്തതോടെയാണ് വീണ്ടും കുറുപ്പിനു സീറ്റ് നല്‍കിയത്. പകരം പരിഗണിക്കാന്‍ മറ്റൊരാളില്ലെന്ന സ്ഥിതിയും വന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ പാര്‍ട്ടിയുമായി ദൈനംദിന ബന്ധം നിലനിര്‍ത്തുന്നതില്‍ കുറുപ്പ് താല്‍പര്യം കാട്ടിയില്ല. ഇത് അകലം വര്‍ധിപ്പിച്ചു.
അതിനിടെ ദേവസ്വംബോര്‍ഡിലെ സിപിഐ നോമിനിയായി മുന്‍ എംപി ചെങ്ങറ സുരേന്ദ്രനെ നിയോഗിക്കുമെന്നു കേള്‍ക്കുന്നു. പട്ടികജാതി പ്രാതിനിധ്യമാണ് സിപിഐക്ക് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ തവണ വൈക്കം മുന്‍ എംഎല്‍എ പി നാരായണനായിരുന്നു സിപിഐ നോമിനി. അദ്ദേഹത്തിനെതിരേ നിരവധി ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ ഇനി പരിഗണിച്ചേക്കില്ല. ആര്‍എസ്പിയുടെ പ്രതിനിധിയായി കെ. സിസിലിയെ നേരത്തെ തീരുമാനിച്ചിരുന്നു.
Friday, May 21, 2010
Subscribe to:
Comments (Atom)
